ബഹ്റൈൻ കേരളീയ സമാജത്തിന്റെ വാർഷിക കലണ്ടറിലെ ഏറ്റവും വലിയ ആഘോഷ പരിപാടിയാണ് 'ശ്രാവണം' എന്നപേരിൽ വര്ഷം തോറും അരങ്ങേറുന്ന ഓണാഘോഷം. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഓണാഘോഷത്തിന്റെ ദൈർഘ്യവും വൈവിധ്യവും കൊണ്ടുതന്നെ ലോകത്തിലെ തന്നെ മലയാളി പ്രവാസിസംഘടനകിൾക്കിടയിലെ ഏറ്റവും വലിയ ഓണാഘാഷം എന്ന ഖ്യാതി നേടിക്കഴിഞ്ഞു ഈ പവിഴദ്വീപിലെ സമാജത്തിന്റെ ഓണാഘോഷങ്ങൾ. വർഷങ്ങൾ കടന്നുപോകുംതോറും സംഘാടന മികവുകൊണ്ടും പരിപാടികളുടെ വൈവിധ്യങ്ങൾ കൊണ്ടും ശ്രാവണത്തിന്റെ മാറ്റ് കൂടിക്കൊണ്ടിരിക്കുകയാണ്.
'ശ്രാവണം '23' എന്ന പേരിലുള്ള ഈ വർഷത്തെ ഓണാഘോഷങ്ങൾ മികവുറ്റതാക്കാൻ ബൃഹത്തായ പദ്ധതികളാണ് സമാജം ആസ്രൂത്തണം ചെയ്തിരിക്കുന്നത്. രണ്ടു മാസങ്ങൾക്കു മുൻപ് തന്നെ തുടങ്ങിയ ആലോചനായോഗങ്ങളും പ്രഖ്യാപിക്കപ്പെട്ട പുതിയ ആകർഷണങ്ങളും തന്നെ അതിനു തെളിവാണ്. ശ്രീ. സുനീഷ് SASCO ജനറൽ കൺവീനറായി കൊണ്ടുള്ള ഇരുന്നൂറ്റിയൻപതോളം അംഗങ്ങളുള്ള വലിയ ഒരു സങ്കാടക കമ്മറ്റിയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രൂപീകൃതമായിരിക്കുന്നതു.
ആഗസ്ത് 3ന് 'തോബിയാസ് ഒരു നാടകക്കാരൻ' എന്ന നാടകത്തോടെ തുടങ്ങുന്ന ഓണാഘോഷങ്ങൾ സെപ്തംബർ മാസം അവസാനം വരെ നീണ്ടുനിൽക്കും. ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഒരു പറ്റം പ്രശസ്ത കലാകാരന്മാരാണ് നാട്ടിൽനിന്നും സമാജത്തിന്റെ വേദിയിൽ പറന്നെത്തുക. തെന്നിന്ത്യയുടെ വാനമ്പാടി ചിത്ര, സാക്ഷാൽ ശ്രീകുമാരൻ തമ്പി, പ്രശസ്ത സംഗീത ബാൻഡ് 'മസാല കോഫീ' യുടെ പതിനാലംഗ ടീം, പ്രശസ്ത ടെലിവിഷൻ അവതാരകരായ രാജ് കലേഷ്, മാത്തുക്കുട്ടി, പ്രശസ്ത സംഗീതോപകരണ വാദകരായ സുബാഷ് ചേർത്തല, ശ്രീകുമാർ കലാഭവൻ, പി സ് നരേന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, എസ് പി ദേവാനന്ദ്, ദേവിക വി നായർ, രേഷ്മ രാഘവേന്ദ്ര, നിഷാദ്, യാസിൻ, വേദ മിത്ര, പ്രശസ്ത പാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി, നാടൻപുലികളിയുടെ പ്രശസ്തി പേറുന്ന തൃശൂരിൽനിന്നുള്ള പത്തോളം പുലിക്കളി കലാകാരന്മാർ തുടങ്ങി ഒട്ടനവധി പ്രഗത്ഭരുടെ ഒരു നീണ്ട നിരതന്നെ ഈ വർഷത്തെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമാകും.
നാട്ടിൽനിന്നുള്ള കലാകാരന്മാർക്ക് പുറമെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ മലയാളി കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ടു അണിയിച്ചൊരുക്കുന്ന മൂന്നു മെഗാ പരിപാടികളാണ് ഈ വർഷം ഓണാഘോഷങ്ങളിലെ മറ്റൊരു പുതുമ. GCC യിൽ തന്നെ ഇദംപ്രഥമമായി 100ൽ അധികം പേർപങ്കെടുക്കുന്ന തൃശൂരിന്റെ തനതു പുലിക്കളി, നൂറ്റിയന്പതോളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന തൃശൂരിന്റെ കൈകൊട്ടിക്കളി, നൂറിൽ അധികം കലാകാരന്മാരുമായി ഇൻഡയുടെ വൈവിധ്യ സംസ്കാരം വിളിച്ചോതുന്ന ചുവടുകളുമായി എത്തുന്ന 'രംഗ്' - കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത രൂപം എന്നിവയുടെ പരിശീലനപരിപാടികൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു കഴിഞ്ഞു.
ശ്രാവണം '23 ന്റെ ഭാഗമായി നാടൻകളികളും മറ്റും ഉൾപ്പെടെ നിരവധി മത്സരങ്ങളാണ് പൊതുജനത്തിനായി നടത്തപ്പെടുക. വടംവലി, കബഡി, അത്തപൂക്കളം, പായസം, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഓണപ്പുടവ, പരമ്പരാഗത ഇന്ത്യൻ വേഷം, ഓണപ്പാട്ട് എന്നീ മത്സരങ്ങൾ വിവിധദിനങ്ങളിലായി സമാജ വേദികളിൽ അരങ്ങേറും.
കുട്ടികൾക്കായി നാടൻകളികളും, സദ്യയും, കളിചിരികളുമായി എത്തുന്ന പിള്ളേരോണം, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന ബഹ്‌റൈനിലെ പ്രവാസി സംഘടനകളും സമാജത്തിലെ സബ്കമ്മറ്റികളും പങ്കെടുക്കുന്ന മെഗാ ഘോഷയാത്ര, കേരളത്തിന്റെ രുചിപ്പെരുമകൾ നിറയുന്ന, മുൻവർഷങ്ങളിൽ ജനസാഗരം തീർത്ത മഹാരുചിമേള, സമാജം മലയാളം പാഠശാല അവതരിപ്പിക്കുന്ന 'ഓണനിലാവ്', ബഹ്‌റൈൻ പ്രതിഭ അവതരിപ്പിക്കുന്ന ഓണം സാംസ്കാരിക രാവ്, ബഹ്‌റൈനിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടമായ, സഹൃദയ നാടൻ പാട്ടു സംഗം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ എന്നീ മറ്റനവധി പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി കാണികളെ ഓണലഹരിയിലാഴ്ത്തും.
സെപ്റ്റംബർ 22 ന് നടക്കുന്ന ഓണസദ്യയിൽ അയ്യായിരത്തോളം പേർക്കാണ് സദ്യ വിളമ്പുക. പ്രശസ്ത പാചക വിദഗ്ദൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഗം സദ്യയൊരുക്കാൻ നേതൃത്വം നൽകും. ഓണത്തെ വരവേൽക്കാൻ ദീപാലങ്കാരങ്ങളും തോരണങ്ങളും ഗജവീരന്മാരുമായി സമാജം അങ്കണം വരും ദിവസ്സങ്ങളിൽ ഒരുങ്ങിത്തുടങ്ങും. ശ്രാവണം '23 ന്റെ അതിഥികളായി നാട്ടിൽനിന്നും നിരവധി രാഷ്ട്രീയസാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരും എന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആലത്തൂർ എം പി രമ്യ ഹരിദാസ് തുടങ്ങിയ പ്രമുഖർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഇൻഡോബഹ്‌റൈൻ ഡാൻസ് മ്യൂസിക് ഫെസ്റ്റ് പോലുള്ള ലോകോത്തര നിലവാരത്തിലുള്ള സാംസ്കാരിക പരിപാടികളാൽ ബഹ്രൈനികളുടെയും മറ്റു മലയാളിയിതര പ്രവാസസമൂഹത്തിന്റെയും ശ്രദ്ധപിടിച്ചുപറ്റിയ ബഹ്‌റൈൻ കേരളീയ സമാജം ഓണവും അതിന്റെ സംസ്കാരവും കൂടി മറ്റുള്ളവരിലേക്കെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഈ ഉദ്യമത്തിൽ പങ്കാളികളാകാനും സമാജത്തിന്റെ ലോകപ്രശസ്തമായ ഓണാഘോഷ പരിപാടികൾ ആസ്വദിക്കാനും ഏവരെയും ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതിയുടെ പേരിൽ സ്വാഗതം ചെയ്യുന്നു.