• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായുള്ള പ്രശസ്തരുടെ സം

ഗീത നിശകൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സമാജത്തിൽ അരങ്ങേറും. അനുബന്ധ പൊതുയോഗങ്ങളിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.

വ്യാഴാഴ്ച്ച വൈകീട്ട് 8 മണിക്ക് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായുള്ള പൊതുയോഗത്തിൽ എം. വിൻസെന്റ് എം. എൽ. എ. മുഖ്യാതിഥിയായിരിക്കും. പ്രശസ്ത പിന്നണി ഗായകരായ  രാധാകൃഷ്ണൻ നായർ,പന്തളം ബാലൻ , തേക്കടി രാജൻ ,രാജലക്ഷ്മി എന്നീവരുടെ ഗാനമേള ഉണ്ടായിരിക്കും.

വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന പരിപാടികളിൽ തെന്നിന്ധ്യയുടെ വാനമ്പാടി കെ. എസ്. ചിത്രയുടെ സംഗീത നിശയാണ് മുഖ്യ ആകർഷണം. പ്രശസ്ത പിന്നണി ഗായകരായ മധുബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും സംഗീത വിരുന്നിന്റെ ഭാഗമാകും. അന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ് മുഖ്യാതിഥിയാകും. ചടങ്ങിൽ വച്ച് ബി. കെ. എസ്. കഥാകുലപതി പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ടി. പദ്മനാഭന് സമ്മാനിക്കും.

തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. ഈ മാസം 27ന് പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകത്തിൽ ഒരുങ്ങുന്ന ഓണസദ്യയോടെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന സമാജം ഓണാഘോഷങ്ങൾക്ക് തിരശീല വീഴുക. സദ്യ കൂപ്പണുകൾ സമാജം ഓഫീസിൽ നിന്നും ലഭ്യമാണ്.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവോണദിനം നടന്ന പരിപാടിയിൽ, കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. യോഗാധ്യക്ഷനായിരുന്ന സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള മന്ത്രിയെന്നുള്ള നിലയിൽ ഗണേഷ് കുമാർ ദീർഘവീക്ഷണത്തോടെ ചെയ്തുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങൾ എണ്ണിപറഞ്ഞു അഭിനന്ദനം അറിയിച്ചു. തിരുവോണ ദിനം സമാജം കുടുംബാങ്ങളുടെയും മലയാളി സമൂഹത്തിന്റെയും കൂടെ ചിലവഴിക്കാൻ അദ്ദേഹം കാണിച്ച മഹാമനസ്കതയും രാധാകൃഷ്ണപിള്ള അഭിനന്ദിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച മന്ത്രി, ലോകത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനിൽക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തെ അഭിനന്ദിച്ചു. തിരുവോണം ഇത്രയും ഊർജ്‌ജസ്വലരായ സമൂഹത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവറും അദ്ദേഹം പ്രകടിപ്പിച്ചു. തലേന്ന് താൻ സാക്ഷിയായി സമാജത്തിൽ അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിരയേയും അനുബന്ധ നൃത്ത ശില്പങ്ങളെയും പറ്റിയും അദ്ദേഹം വാചാലനായി. അതിൽ പങ്കെടുത്ത കുരുന്നുകളെയും വനിതകളെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രവാസി മലയാളികൾ ചുരുങ്ങിയ അവധിക്കു നാട്ടിൽ എത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസിന് തിയ്യതി കിട്ടാനുള്ള പ്രയാസം ചൂണ്ടികാട്ടിയപ്പോൾ ഞൊടിയിടയിൽ പരിഹാരം അവതരിപ്പിച്ചു അദ്ദേഹം ഏവരെയും ഞെട്ടിച്ചു. പ്രാവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് നൽകാനുള്ള സംവിധാനം അദ്ദേഹം വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. കയ്യടികളോടെയാണ് സദസ്സ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. നാല്പതോളം ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ എയർകണ്ടീഷൻ സംവിധാനത്തോടെ ആരംഭിക്കുന്നതും, മികച്ച സൗകര്യങ്ങളോടെ ബസ് വെയ്റ്റിംഗ് ഏരിയകൾ ആരംഭിക്കുന്നതും, ദീർഘദൂര സർവീസുകളിൽ ബസ് റൂട്ടിൽ യാത്രക്കാരനു സൗകര്യപ്പെടുന്ന സ്ഥലത്തു നിന്നും ലൊക്കേഷൻ ഷെയർ ചെയ്യുന്ന യാത്രക്കാരനെ കയറ്റുന്ന രീതി, കടന്നുപോകുന്ന ബസ്സിൽ സീറ്റുണ്ടോ എന്ന് മൊബൈൽ ആപ്പ് വഴി അറിയാനുള്ള സംവിധാനം തുടങ്ങി ഒരു പിടി പുതിയ നടപടികളാണ് കെ എസ് ആർ ടി സി നവീകരണവുമായി ബന്ധപെട്ടു അദ്ദേഹം പങ്കുവച്ചത്. ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്, സമാജം ട്രഷറർ ദേവദാസ് കുന്നത്ത്‌ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ദിലീഷ്‌കുമാർ നന്ദി പറഞ്ഞു. തുടർന്ന് യുവാക്കളുടെ ഹരമായ താമരശ്ശേരി ചുരം ബാൻഡിന്റെ സംഗീത നിശ അരങ്ങേറി

സമാജത്തിലെ ഓണം ഘോഷയാത്ര വർണ്ണാഭമായി

ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായി വർണ്ണാഭമായ ഘോഷയാത്ര മത്സരം നടന്നു. വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ ആരംഭിച്ച പരിപാടികൾ 11 മണിവരെ നീണ്ടു. മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട പരിപാടി കാണാൻ അഭൂതപൂർവമായ ജനത്തിരക്കായിരുന്നു സമാജത്തിലും പരിസരങ്ങളിലും. വിളക്ക് കൊളുത്തികൊണ്ടു ആരംഭിച്ച പരിപാടിയിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്തു.

നിശ്ചല ദൃശ്യ ഫ്ളോട്ടുകൾ, പ്രച്ഛന്ന വേഷങ്ങൾ, നാടൻ കലാരൂപങ്ങൾ, അനുഷ്ഠാന കലകൾ, വാദ്യമേളങ്ങൾ, ഡിസ്‌പ്ലേകൾ തുടങ്ങിയ അനവധി ആകർഷണങ്ങൾ നിറഞ്ഞതായിരുന്നു പങ്കെടുത്ത ഓരോ ടീമുകളുടെയും അവതരണങ്ങൾ. വയാനാടു ദുരന്തം, ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട്, കൽക്കട്ടയിലെ യുവ ഡോക്ടറുടെ കൊലപാതകം, സ്ത്രീ ശാക്തീകരണം, മത മൈത്രി തുടങ്ങിയ വിവിധ ആശയങ്ങൾ ഫ്ലോട്ടിലും മറ്റുമായി ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. കാണികൾക്കു അക്ഷരാർത്ഥത്തിൽ ദൃശ്യവിരുന്നൊരുക്കിയ ഘോഷയാത്ര ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ചില ഭേദഗതികളോടെ അവതരിപ്പിച്ച പരിപാടി സംഘാടക മികവ് അടിവരയിടുന്നതായിരുന്നു. സമാജം ഉപവിഭാഗങ്ങളായ സാഹിത്യ വിഭാഗം, എന്റർടൈൻമെന്റ് വിഭാഗം, മെമ്പർഷിപ്പ്-ഫിലിം ക്ലബ്, ബാഡ്മിന്റൺ, ലൈബ്രറി എന്നീ ടീമുകൾ സമാജത്തിൽ നിന്നും പങ്കെടുത്തപ്പോൾ, ശ്രേഷ്ഠ ബഹ്‌റൈൻ, ഔർ ക്ലിക്സ്, വോയ്‌സ് ഓഫ് ആലപ്പി, വോയ്‌സ് ഓഫ് ട്രിവാൻഡ്രം എന്നീ ടീമുകൾ സമാജത്തിനു പുറത്തുനിന്നുള്ള സംഘടനകളായി പങ്കെടുത്തു.

മത്സര ഫലങ്ങൾ:

സമാജം ഉപവിഭാഗങ്ങൾ:
മികച്ച ഫ്ളോട്: ബാഡ്മിന്റൺ വിഭാഗം (ഒന്നാം സ്ഥാനം), വായനശാല വിഭാഗം (രണ്ടാം സ്ഥാനം)
മികച്ച തീം: ബാഡ്മിന്റൺ വിഭാഗം
മികച്ച ക്യാരക്ടർ: വായനശാല വിഭാഗം
മികച്ച മാവേലി: മെമ്പർഷിപ്പ്-ഫിലിം ക്ലബ്
മികച്ച പെർഫോർമർ: വായനശാല വിഭാഗം (ഒന്നാം സ്ഥാനം), ബാഡ്മിന്റൺ വിഭാഗം (രണ്ടാം സ്ഥാനം)
മികച്ച ഘോഷയാത്ര: ബാഡ്മിന്റൺ വിഭാഗം (ഒന്നാം സ്ഥാനം), സാഹിത്യ വിഭാഗം (രണ്ടാം സ്ഥാനം), വായനശാല വിഭാഗം (മൂന്നാം സ്ഥാനം)

സമാജം ഇതര സംഘടനകൾ:

മികച്ച ഫ്ളോട്: അവർ ക്ലിക്സ് (ഒന്നാം സ്ഥാനം), വോയ്‌സ് ഓഫ് ട്രിവാൻഡ്രം (രണ്ടാം സ്ഥാനം)
മികച്ച തീം: അവർ ക്ലിക്സ്
മികച്ച ക്യാരക്ടർ: വോയ്‌സ് ഓഫ് ആലപ്പി  
മികച്ച മാവേലി: അവർ ക്ലിക്സ്
മികച്ച പെർഫോർമർ: അവർ ക്ലിക്സ്  (ഒന്നാം സ്ഥാനം), ബാഡ്മിന്റൺ വിഭാഗം (രണ്ടാം സ്ഥാനം)
മികച്ച ഘോഷയാത്ര: അവർ ക്ലിക്സ്  (ഒന്നാം സ്ഥാനം), ശ്രേഷ്ഠ ബഹ്‌റൈൻ (രണ്ടാം സ്ഥാനം), വോയ്‌സ് ഓഫ് ട്രിവാൻഡ്രം (മൂന്നാം സ്ഥാനം)
സ്‌പെഷ്യൽ ജൂറി പരാമർശം (പെർഫോർമർ): അവർ ക്ലിക്സ്

വ്യാഴാഴ്ച നടന്ന വടംവലി മത്സരങ്ങൾക്ക് മുൻപായി സി. പി. ഐ. (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഒരു മിനിറ്റ് മൗനമവലംബിച്ചു. വാശിയേറിയ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ആര്യൻസ് ബഹ്‌റൈൻ പൊന്നാനി, ബി കെ എസ് ബാഡ്മിന്റൺ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ വനിതാ വിഭാഗത്തിൽ ബി കെ എസ് സാഹിത്യ വിഭാഗം, ബി കെ എസ് വനിതാ വിഭാഗം എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഷാജി ആന്റണി, രാജേഷ് കോടോത്ത് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ബി. കെ. എസ്സ്. എക്സിക്യൂറ്റീവ് കമ്മറ്റി അടിയന്തര യോഗം കൂടി സി. പി. ഐ. (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

 

ബിസിനസ്സ് ഐക്കൺ അവാർഡുകൾ സമ്മാനിച്ചു

ഓഗസ്റ്റ് 30 മുതൽ ആരംഭിച്ചു  ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം, ശ്രാവണം 2024 ന്റെ എട്ടാം തിയ്യതി, ഞായറാഴ്ച നടന്ന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ എം. പി, യും ശ്രീ. പി. ആർ. മഹേഷ് എം. എൽ. എ. യും പങ്കെടുത്തു. സമാജം DJ ഹാളിൽ 7.45 ഓടെ ആരംഭിച്ച പരിപാടികളിൽ അൻപതോളം വരുന്ന സോപാനം വാദ്യകലാസംഘ കലാകാരന്മാരുടെ ചെണ്ടമേളത്തോടെ തുടക്കം കുറിച്ചത് കാണികൾക്കു ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി. തുടർന്ന് ശ്രീ. ജ്യോതിരാജ് ചിട്ടപ്പെടുത്തിയ ഓണം ഫ്യൂഷൻ ഡാൻസിൽ മുപ്പതോളം കലാകാരികൾ പങ്കെടുത്തു.
സമാജം പ്രസിഡന്റ് ശ്രീ. പി. വി.  രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സമാജം ജനറൽ സെക്രെട്ടറി ശ്രീ. വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ബി. കെ. എസ്. ബിസിനസ് ഐക്കൺ അവാർഡ്, ആർ. വി.  ട്രേഡിങ്ങ് കമ്പനി മേധാവിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. റഹിം ഭാവ കുഞ്ഞിന് സമ്മാനിച്ചു. ബി. കെ. എസ്. യങ് ബിസിനസ് ഐക്കൺ അവാർദിനർഹനയാ ശ്രീ. ഇബ്രാഹിം അദുഹമിനെയും ചടങ്ങിൽ ആദരിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച ശ്രീ. പ്രേമചന്ദ്രൻ മാറുന്ന കാലഘട്ടത്തിലും മതസൗഹാർദ്ദവും ഐക്യവും ഉറപ്പാക്കിക്കൊണ്ട് കേരളീയ സമാജം നടത്തുന്ന ഓണാഘാഷം തുടങ്ങിയുള്ള പരിപാടികളെ മുക്തകണ്ഠം പ്രശംസിച്ചു. നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഇത്തരം ആഘോഷങ്ങൾക്ക് വിദേശ മണ്ണിൽ ബഹ്‌റൈൻ മലയാളി പ്രവാസി സമൂഹം കൊടുക്കുന്ന പ്രാധാന്യം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് സംസാരിച്ച ശ്രീ. പി. ആർ. മഹേഷും വിദേശ മണ്ണിൽ നടത്തുന്ന അതുല്യമായ പ്രവർത്തനങ്ങൾക്കു ബഹ്‌റൈൻ കേരളീയ സമാജത്തെയും പി വി രാധാകൃഷ്ണപിള്ള ഉൾപ്പെടെയുള്ള അതിന്റെ സാരഥികളെയും അനുമോദിച്ചു. ബി കെ എസ് ബിസിനസ് ഐക്കോൺ അവാർഡ് ജേതാവ് ശ്രീ. റഹിം ഭാവ കുഞ്ഞിന് കരുനാഗപ്പള്ളിയിൽ ഒരു സ്വീകരണമൊരുക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് യോഗത്തിനു നന്ദി പറഞ്ഞു.

തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ചു. കേരളത്തനിമ നിറഞ്ഞ വേഷങ്ങളുടെ ദൃശ്യ വിരുന്നൊരുക്കിയ ഓണപ്പുടവ മത്സരം കാണികളുടെ കയ്യടി നേടി. മത്സരത്തിൽ ശ്രേഷ്ഠ ബഹ്‌റൈൻ, ടീം കെവിൻ, ബി. കെ. എസ്സ്. സാഹിത്യ വിഭാഗം എന്നീ ടീമുകൾ  യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓണപ്പുടവ മത്സരം കൺവീനർ ശ്രീമതി. ബിൻസി റോയ് നന്ദി പറഞ്ഞു. തുടർന്ന് ശ്രാവണം 2024 ന്റെ ഭാഗമായി ഇതുവരെ നടന്ന മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം കൊടുത്ത കൺവീനർമാരെയും ജോയിന്റ് കൺവീനർമാരെയും മൊമെന്റോകൾ നൽകി ആദരിച്ചു.   വരും ദിവസങ്ങളിലും ശ്രാവണം 2024 ന്റെ ഭാഗമായുള്ള വൈവിധ്യങ്ങളായ മത്സരങ്ങളും പരിപാടികളും സമാജത്തിൽ അരങ്ങേറും. സെപ്റ്റംബർ 28 നാണു സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങുക.

 

 

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ  സെപ്റ്റംബർ 6  വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും  വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും സെലിബ്രൈറ്റികളുമൊക്കെ പ്രദർശനം കാണാൻ എത്തിച്ചേരുമെന്നും പി വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

വിവിധ ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിധികരിക്കുന്ന  മുപ്പതോളം   സ്റ്റാളുകളിൽ ആയിരകണക്കിന് ആളുകൾ സന്ദർശിക്കുമെന്ന്  പ്രതിക്ഷിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.

സെപ്റ്റംബർ 6 വെള്ളിയാഴ്ച രണ്ട് മണി മുതൽ നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജിഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും.  കൂടുതൽ വിവരങ്ങൾക്ക് മ ഹാ രുചിമേള കൺവീനർ എൽദോ പൗലോസ് 39545643 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വറുഗീസ് ജോർജ്ജ്  ജനറൽ കൺവീനറായ സംഘാടക സമിതിയാണ്  ഈ വർഷത്തെ സമാജം ഓണാഘോഷമായ  ശ്രാവണം സംഘടിപ്പിക്കുന്നത്. ഏവർക്കും സ്വാഗതം.

കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കുന്നു.

മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നു നിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.

ഏകപത്നീവ്രതം പോലെ ചെറുകഥയിൽ മാത്രം സർഗ്ഗാത്മകാവിഷ്കാരം നടത്തി മലയാള സാഹിത്യത്തിലെ മഹാതേജസ്സായി നില കൊള്ളുന്ന ടി പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം നൽകി ആദരിക്കുന്നു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് സമാജം ആസ്ഥാനത്തു വെച്ച് ബഹു: ബംഗാൾ ഗവർണ്ണർ ശ്രീ സി. വി ആനന്ദബോസ് സമ്മാനിക്കും.

ഡോ.കെ. എസ്. രവികുമാർ (പുരസ്ക്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ), പി.വി രാധാകൃഷ്ണപിള്ള (സമാജം പ്രസിഡൻ്റ് ) വർഗീസ് ജോർജ് , ഹരികൃഷ്ണൻ ബി നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery