സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന വർണ്ണാഭമായ സമാപന സമ്മേളത്തിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര,മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ ശ്രീ എം.ആർ.അഭിലാഷ്, ക്വാളിറ്റി എഡ്യൂക്കേഷൻ ഇന്റർനാഷണൽ സ്കൂൾ ,ദേവ്ജി ഗ്രൂപ്പ് എന്നിവയടെ എക്സിക്യൂട്ടീവ് ഡയറക്ടർ
മാധുരി പ്രകാശ് എന്നിവർ വിശിഷ്ട അതിഥികളായും പങ്കെടുത്തു.
കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതിനൊപ്പം സാമൂഹികമായ ഇടപഴകലിനു കൂടി പുതുതലുറയ്ക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് കലോത്സവങ്ങൾപോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും
ധൈര്യവും ആത്മവിശ്വാസവും വളർത്തി ,ഏതൊരു മത്സരത്തെയും അഭിമാനത്തോടെ നേരിടാൻ യുവതയെ ശാക്തീകരിക്കുന്നതാണ് കലോത്സവങ്ങൾ എന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു.
യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിനും
അവരുടെ സർഗ്ഗാത്മകവും സാംസ്കാരികവുമായ വേരുകൾ
കണ്ടെത്തുന്നതിനും സഹായകമായ നിർണ്ണായമായ സംഭാവനയാണ് കലോത്സവത്തിലൂടെ സമാജം സാധ്യമാക്കുന്നതെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്ന രാജീവ് കുമാർ മിശ്ര അഭിപ്രായപ്പെട്ടു.
നിലവിലെ അക്കാദമിക് വിദ്യാഭ്യാസം കൂടുതൽ യാന്ത്രികമാകുന്ന കാലത്ത്
സാങ്കേതികവിദ്യയിലൂടെ അതിജീവനം പ്രാപ്തമാക്കുമ്പോൾ, അത് കലയെ യഥാർത്ഥത്തിൽ തഴച്ചുവളരാൻ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ഇത് തിരിച്ചറിഞ്ഞ് കൊണ്ടു സംഘടിപ്പിക്കുന്ന കലോത്സവം പോലുള്ള അരങ്ങുകൾ സർഗ്ഗാത്കതയെ തേച്ചുമിനുക്കാനുള്ള വലിയ സാധ്യതകളാണ് കുട്ടികൾക്ക് നൽകുന്നതെന്നും സമ്മേളനത്തിൽ വിശിഷ്ട അതിഥിയായിരുന്ന
അഡ്വ. എം. ആർ. അഭിലാഷ് പറഞ്ഞു.
വിദ്യാഭ്യാസത്തോടൊപ്പം
കല, സംസ്കാരം, പ്രകടനം എന്നിവയിലൂടെ സ്വയം പ്രകടിപ്പിക്കാൻ കുട്ടികൾക്ക് ഇടം നൽകുന്നതിലൂടെ ലഭിക്കുന്ന അനുഭവങ്ങൾ അനുകമ്പയുള്ള വ്യക്തികളായി അവരെ രൂപപ്പെടുത്തുന്നുവെന്നും സാംസ്കാരിക സ്വത്വം, വ്യക്തിത്വ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന കലോത്സവം ഭാവി തലമുറകളുടെ ആഘോഷമാണ് എന്നും ദേവ്ജി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ
മാധുരി പ്രകാശ് അഭിപ്രായപ്പെട്ടു.
സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച സമാപന ചടങ്ങിൽ
അഞ്ച് ഗ്രൂപ്പുകളിലായി കലോത്സവത്തിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.'
ഇഷ ആഷിക് കലാതിലകമായും ശൗര്യ ശ്രീജിത്ത് കലാപ്രതിഭയായും സഹാന മോഹൻരാജ് ബാല തിലകമായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അയന സുജിത് നാട്യ രത്നയായും, അർജ്ജുൻരാജ് സംഗീത രത്നയുമായി. പ്രിയംവദ.എൻ.എസ് , നേഹ ജഗദീഷ് എന്നിവർ യഥാക്രമം സാഹിത്യ രത്നയും കലാരത്നയുമായി. ഇവർക്ക് പുറമെ നിഹാര മിലൻ, പുണ്യ ഷാജി, ഹന്ന ആൽവിൻ, പ്രിയംവദ എൻ.എസ് എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി മാറി.
ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി നടന്നു വരുന്ന, പ്രവാസ ലോകത്തെ ശ്രദ്ധേയ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ 135 വ്യക്തിഗത ഇനങ്ങളിലായി എഴുന്നൂറോളം കുട്ടികളും പതിനാല് ഗ്രൂപ്പിനങ്ങളിലായി എഴുപത്തൊമ്പത് ടീമുകളുമാണ് മത്സരിച്ചത്. വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പിനങ്ങളിലായി ആയിരത്തി ഇരുന്നൂറോളം മത്സരാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ കേരളത്തിൽ നിന്നുള്ളവരടക്കം 125 പേർ വിധികർത്താക്കളായി എത്തിയതായി സംഘാടകർ അറിയിച്ചു.
ബിറ്റോ പാലമറ്റത്ത് കൺവീനറും സോണി.കെ.സി, രേണു ഉണ്ണികൃഷ്ണൻ എന്നിവർ ജോയിൻ്റ് കൺവീനർമാരുമായ സംഘാടക സമിതിയാണ് കലോത്സവത്തിൻ്റെ ഏകോപനം നിർവ്വഹിച്ചത്.
സമാപനച്ചടങ്ങിൻ്റെ ഭാഗമായി വിജയികളായവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
