ബഹ്‌റൈനിലെ കലാസാംസ്കാരിക പ്രവർത്തനത്തിൽ നിറ സാന്നിധ്യമായിരുന്ന ശ്രീ. ദിനേശ് കുറ്റിയിൽ; നാട്ടിൽ കോറോണയും, ന്യൂമോണിയയും, തുടർന്ന് സ്‌ട്രോക്കും ഉണ്ടായതിനാലുള്ള ചികിത്സയിലാണ്.
ഈ മഹാമാരിക്കാലത്ത് ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന കലാകാരന്മാരുടെ ദുർഗതി മലയാളികൾക്കുമുൻപിൽ തുറന്നുകാട്ടാനായി, കാസർഗോഡ് മുതൽ കന്യാകുമാരിവരെ 'ബ്ലാക്ക് ഔട്ട്' എന്ന നാടകം അവതരിപ്പിച്ചു സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ദിനേശിന് തന്നെ കോറോണയും തുടർന്നുള്ള മറ്റു സങ്കീർണതകളും ഉണ്ടായത്. ബഹറിനിൽ ഉള്ളപ്പോഴും നാട്ടിൽ ആയിരുന്നപ്പോഴും അധികം മിച്ചമുണ്ടാക്കാൻ പറ്റാത്ത ജോലികൾ ആയതിനാൽ സമ്പാദ്യമൊന്നും ഇല്ലാതിരുന്ന ദിനേശിനും കുടുംബത്തിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭാരിച്ച ചികിത്സ ചിലവു കണ്ടെത്താൻ കഴിയില്ലെന്നത് യാഥാർഥ്യമാണ്. ഇത്തരുണത്തിലാണ്, ദിനേശിന്റെ ചികിത്സ സഹായ നിധി സ്വരൂപിക്കേണ്ടുന്ന ആവശ്യകത ഉണ്ടായതെന്ന് സമാജം പ്രെസിഡെന്റ് പി വി രാധാകൃഷ്ണപ്പിള്ള, ആക്റ്റിംഗ് ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ് കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ദിനേശിന്റെ ചികിത്സ ചിലവിലേക്ക് സഹായം എത്തിക്കേണ്ടതിനെപ്പറ്റിയും മറ്റും ചർച്ചചെയ്ത് തീരുമാനിക്കാനായി, 17/11/2021 ബുധനാഴ്ച്ച വൈകീട്ട് 8.30ന് ദിനേശിന്റെ സുഹൃത്തുക്കളുടെയും നാടക-കലാ-സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരുടെയും ഒരു യോഗം ബഹറിൻ കേരളീയ സമാജം ഹാളിൽ ചേരുന്നു. മറ്റ് പരിപാടികൾ ക്രമീകരിച്ചുകൊണ്ട് മുഴുവൻ കലാസാംസ്കാരികസാമൂഹ്യ പ്രവർത്തകരും സാന്നിധ്യം ഉറപ്പുവരുത്തേണമെന്ന് രാധാകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.
അന്വേഷണങ്ങൾക്ക്, സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരിയെയോ (39283875), സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി ദേവനെയോ (39189154) ബന്ധപ്പെടാവുന്നതാണ്.

