ചികിത്സാ ആവശ്യങ്ങൾക്കും, മൃതദേഹം എത്തിക്കുന്നതിനും നോർക്ക എയർപോർട്ടിൽ നിന്നും ആംബുലൻസ് സൗകര്യം നൽകുന്നു.
മനാമ: പ്രവാസികൾ ചികിത്സക്കായി നാട്ടിലെ എയർപോർട്ടിൽ എത്തിയാൽ, വീട്ടിലേക്കോ ചികിത്സ തുടരാൻ ആഗ്രഹിക്കുന്ന ആശുപത്രികളിലേക്കോ ആവശ്യമായ ആംബുലൻസ് സൗകര്യം സൗജന്യമായി നോർക്ക വഴി ലഭിക്കുമെന്ന് നോർക്ക ഓഫീസിൽ നിന്നും അറിയിച്ചതായി ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു. മൃതദേഹം എയർപോർട്ടിൽ നിന്നും വീടുകളിൽ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്. നോർക്ക ജനറൽ മാനേജർ ഡി. ജഗദീഷുമായി സമാജം വൈസ് പ്രസിഡന്റ് മോഹൻ രാജ്, നോർക്ക- ചാരിറ്റി കമ്മിറ്റീ അംഗം സാനി പോൾ എന്നിവർ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഈ വിവരം കൈമാറിയത്. സമാജം നോർക്ക ഹെല്പ് ഡെസ്ക് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും, നോർക്ക കാർഡ് സംബന്ധിച്ചുള്ള കാര്യങ്ങൾക്കുമാണ് ഈ കൂടിക്കാഴ്ച നടന്നത്.
ബഹ്‌റൈനിൽ വെച്ച് ദേഹവിയോഗം സംഭവിക്കുന്നവരുടെ മൃതദേഹം നാട്ടിലെക്കു അയക്കുന്നതിനോ, ബഹ്‌റൈനിൽ തന്നെ സംസ്കരിക്കുന്നതിനോ ആവശ്യമായ നടപടിക്രമങ്ങൾ എന്തെന്നും ഏതെല്ലാം ഓഫീസുകളുമായാണ് ബന്ധപ്പെടണ്ടതെന്നുമുള്ള വിവരങ്ങളും അപേക്ഷകളുടെ പകർപ്പും സമാജം നോർക്ക - ചാരിറ്റി ഹെല്പ് ഡെസ്ക് ഇതിനകം ലഭ്യമാക്കി വരുന്നുണ്ട്. ചികിത്സക്കായി നാട്ടിലേക്ക് പോകുന്നവർക്കും, ബഹ്‌റൈനിൽ ഗോസി ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾക്കുള്ള നടപടിക്രമങ്ങൾ എന്തെന്ന് അറിയാത്തവർക്കായി മാർഗനിർദേശങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിനായി സമാജം ഓഫീസുമായോ, നോർക്ക - ചാരിറ്റി കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം (33750999), നോർക്ക ഹെല്പ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി (35320667) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്.

