ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവസത്തിന് പുതിയ ലോഗോ കണ്ടെത്തുന്നതിന്റെ ഭാഗമായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ആർക്കും എവിടെ നിന്നും പങ്കെടുക്കാവുന്ന മത്സരത്തിൽ സംഘാടകരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈൻ ആയി തന്നെ ഡിസൈനുകൾ അപ്‌ലോഡ് ചെയ്യാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 150 അമേരിക്കൻ ഡോളർ ആണ് സമ്മാനം. ലോഗോകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20 ആഗസ്ററ് 2024 ആയിരിക്കും എന്ന് സമാജം പ്രസിഡന്റ്, പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ലോകമെമ്പാടുമുള്ള മലയാളപ്രവാസ സംഘടനകളിൽ പ്രവർത്തന മികവുകൊണ്ട് മുൻനിരയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം തങ്ങളുടെ ഏഴായിരത്തോളം വരുന്ന കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കാനായി വർഷങ്ങൾക്കു മുൻപ്
രൂപം കൊടുത്ത കലാമാമാങ്കമാണ് കേരളോത്സവം. സമാജം കുടുംബത്തിലെ മുതിർന്നവരെ മുഴുവൻ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന മത്സരങ്ങളിൽ കലാ, സാഹിത്യ, സംഗീത, നാട്യ മത്സരങ്ങളും മറ്റനവധി മത്സരങ്ങളും ഉൾപ്പെടുന്നു. വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി അൻപതോളം മത്സരങ്ങളാണ് കേരളോത്സവം 2024ൽ നടത്തപ്പെടുക. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ടീമിന് ചാമ്പ്യൻഷിപ്പ് ലഭിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് സമാജം ഭരണസമിതി പ്രതീക്ഷിക്കുന്നത് . 2014 ൽ അവസാനമായി നടന്ന കേരളോത്സവത്തിന്റെ തിരിച്ചുവരവ് അംഗങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾക്ക് നവംബർ മാസത്തിൽ തുടക്കം കുറിക്കാനാണ് ആലോചിക്കുന്നതെന്നും അതിനു വേണ്ട ഒരുക്കങ്ങൾ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതോടെ തുടങ്ങുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ആഷ്‌ലി കുരിയൻ (39370929), വിപിൻ മോഹൻ (33205454), ശ്രീവിദ്യ വിനോദ് (33004589), സിജി ബിനു (36302137) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.