ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു.
കഴിഞ്ഞ ഒന്നരമാസക്കാലത്തോളം ബഹ്റൈൻ പ്രവാസി മലയാളികളുടെ
വൈവിധ്യമേറിയ ഓണാഘോഷങ്ങൾക്ക്
സമാപനം കുറിച്ചുക്കൊണ്ടും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയുമായ ഡോ: ദിവ്യ എസ് അയ്യർ, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ്, മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
കേരളം മറന്നുപോയ പല കലാരൂപങ്ങളെയും ആഘോഷ രീതികളെയും ബഹ്‌റൈൻ കേരളീയ സമാജം ഭംഗിയായി പുനരാവിഷ്കരിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
ആഘോഷങ്ങളിലൂടെ വ്യക്തികളും സമൂഹവും മുന്നോട്ടുള്ള പുതിയ ഊർജ്ജം സ്വീകരിക്കുകയാണെന്നും ഡോ:ദിവ്യ എസ് അയ്യർ പറഞ്ഞു.
മറുനാട്ടിലെ ഏറ്റവും സുരക്ഷിതവും കുടുംബാന്തരീക്ഷവും ഉള്ള പ്രസ്ഥാനമായി തനിക്ക് ബഹ്റൈൻ കേരള സമാജത്തെ എക്കാലവും അനുഭവപ്പെട്ടതായും ബഹ്റൈൻ കേരളീയ സമാജം ചെയ്യുന്ന പല സേവനങ്ങളെ അടുത്തുനിന്ന് വീക്ഷിക്കാൻ സാധിച്ചതായും മുൻ എംഎൽഎ മുൻ എംഎൽഎ കെ എസ് ശബരിനാഥ് അഭിപ്രായപ്പെട്ടു.
വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും സംഗീതാസ്വാദകരായ കാണികൾ കൊണ്ടും സമ്പന്നമായ നവരാത്രി ആഘോഷങ്ങളിൽ വെച്ച് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്റർക്ക്
ബി കെ എസ് കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും വിദ്യാധരൻ മാസ്റ്ററുടെ പാട്ടുകൾ അതിന്റെ മൗലികമായ സവിശേഷതകൾ കൊണ്ട് എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആയി തുടരുമെന്ന്
അധ്യക്ഷ പ്രസംഗത്തിൽ പി വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
കലയും സംഗീതവും മനുഷ്യരെ ഒരുമിപ്പിക്കുന്നുവെന്നും ബഹ്റൈൻ കേരള സമാജത്തിന്റെ ഈ അവാർഡ് വളരെ പ്രിയപ്പെട്ടതാണെന്നും വിദ്യാധരൻ മാസ്റ്റർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും ബഹ്റൈനിലെ പ്രമുഖ കലാ പരിശീലന കേന്ദ്രമായ കലാകേന്ദ്രയുടെ ഡയറക്ടർ സിൽഷ റിലിഷ്, ശ്രാവണം ഓണാഘോഷങ്ങളുടെ കൺവീനർ വർഗീസ് ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
അവാർഡ് ദാന ചടങ്ങുകൾക്ക് ശേഷം വിദ്യാധരൻ മാസ്റ്ററുടെ ഗാനങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു
- Web Author
- News & Events

