ബഹ്‌റൈൻ കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവോണദിനം നടന്ന പരിപാടിയിൽ, കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. യോഗാധ്യക്ഷനായിരുന്ന സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള മന്ത്രിയെന്നുള്ള നിലയിൽ ഗണേഷ് കുമാർ ദീർഘവീക്ഷണത്തോടെ ചെയ്തുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങൾ എണ്ണിപറഞ്ഞു അഭിനന്ദനം അറിയിച്ചു. തിരുവോണ ദിനം സമാജം കുടുംബാങ്ങളുടെയും മലയാളി സമൂഹത്തിന്റെയും കൂടെ ചിലവഴിക്കാൻ അദ്ദേഹം കാണിച്ച മഹാമനസ്കതയും രാധാകൃഷ്ണപിള്ള അഭിനന്ദിച്ചു.
സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച മന്ത്രി, ലോകത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനിൽക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തെ അഭിനന്ദിച്ചു. തിരുവോണം ഇത്രയും ഊർജ്‌ജസ്വലരായ സമൂഹത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവറും അദ്ദേഹം പ്രകടിപ്പിച്ചു. തലേന്ന് താൻ സാക്ഷിയായി സമാജത്തിൽ അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിരയേയും അനുബന്ധ നൃത്ത ശില്പങ്ങളെയും പറ്റിയും അദ്ദേഹം വാചാലനായി. അതിൽ പങ്കെടുത്ത കുരുന്നുകളെയും വനിതകളെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രവാസി മലയാളികൾ ചുരുങ്ങിയ അവധിക്കു നാട്ടിൽ എത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസിന് തിയ്യതി കിട്ടാനുള്ള പ്രയാസം ചൂണ്ടികാട്ടിയപ്പോൾ ഞൊടിയിടയിൽ പരിഹാരം അവതരിപ്പിച്ചു അദ്ദേഹം ഏവരെയും ഞെട്ടിച്ചു. പ്രാവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് നൽകാനുള്ള സംവിധാനം അദ്ദേഹം വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. കയ്യടികളോടെയാണ് സദസ്സ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. നാല്പതോളം ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ എയർകണ്ടീഷൻ സംവിധാനത്തോടെ ആരംഭിക്കുന്നതും, മികച്ച സൗകര്യങ്ങളോടെ ബസ് വെയ്റ്റിംഗ് ഏരിയകൾ ആരംഭിക്കുന്നതും, ദീർഘദൂര സർവീസുകളിൽ ബസ് റൂട്ടിൽ യാത്രക്കാരനു സൗകര്യപ്പെടുന്ന സ്ഥലത്തു നിന്നും ലൊക്കേഷൻ ഷെയർ ചെയ്യുന്ന യാത്രക്കാരനെ കയറ്റുന്ന രീതി, കടന്നുപോകുന്ന ബസ്സിൽ സീറ്റുണ്ടോ എന്ന് മൊബൈൽ ആപ്പ് വഴി അറിയാനുള്ള സംവിധാനം തുടങ്ങി ഒരു പിടി പുതിയ നടപടികളാണ് കെ എസ് ആർ ടി സി നവീകരണവുമായി ബന്ധപെട്ടു അദ്ദേഹം പങ്കുവച്ചത്. ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്, സമാജം ട്രഷറർ ദേവദാസ് കുന്നത്ത് എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ദിലീഷ്‌കുമാർ നന്ദി പറഞ്ഞു. തുടർന്ന് യുവാക്കളുടെ ഹരമായ താമരശ്ശേരി ചുരം ബാൻഡിന്റെ സംഗീത നിശ അരങ്ങേറി