ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ പ്രവർത്തനോൽഘാടനം മാർച്ച് 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കേരളത്തിലെ മുതിർന്ന പ്രഭാഷകനും എഴുത്തുകാരനും മലയാള ദൃശ്യമാധ്യമ രംഗത്തെ രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കറ്റ്. എ. ജയശങ്കർ നിർവഹിക്കുമെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും വർഗീസ് കാരക്കലും സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ രാഷ്ട്രീയ കോളമെഴുത്തുകളിലൂടെയും ഹാസ്യാത്മകമായ വിവരണങ്ങളിലൂടെയും ശ്രദ്ധയാകർഷിച്ച അഡ്വക്കറ്റ്. എ ജയശങ്കർ കേരളത്തിലെ ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവും രാഷ്ട്രീയ വിമർശകനുമായി അറിയപ്പെടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ബഹ്‌റൈൻ കേരളീയ സമാജം ജനറൽബോഡിയിൽ ഐക്യകണ്ഠേന പി വി രാധാകൃഷ്ണപിള്ള പ്രസിഡണ്ടും വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയുമായി പുതിയ ഭരണസമിതിയിലേക്കുള്ള പാനലിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും സമാജം മെംബേർസ് നൽകിവരുന്ന പിന്തുണക്കും വിശ്വാസത്തിനും നന്ദി രേഖപ്പെടുത്തുന്നതായും പുതിയ ഭരണസമിതിക്ക് ബഹ്റൈനിലെ മുഴുവൻ മലയാളി സുഹൃത്തുക്കളുടെയും സഹകരണവും കരുതലും തുടർന്നും ഉണ്ടാവണമെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അഭ്യർത്ഥിച്ചു.
22 വെള്ളിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് നടക്കുന്ന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും ബഹറിൻ കേരളീയ സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.