മനാമ: സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ
ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിനു മുന്നോടിയായി
നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള കലോത്സവം തീമിൻ്റെ പ്രകാശനവും തുടർന്ന് കലോത്സവ ഓഫീസിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ കലോത്സവത്തിൻ്റെ ജനറൽ കൺവീനർ നൗഷാദ് കലോത്സവ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് ഒന്നിന് ആരംഭിച്ച് 15ന് അവസാനിക്കും. മാർച്ച് അവസാന വാരത്തിൽ സ്റ്റേജ് ഇതര മത്സരങ്ങളോടെ കലോത്സവത്തിന് തുടക്കമാകും. ഈദ് അവധി ദിവസങ്ങളിൽ ശാസ്ത്രീയ നൃത്ത മത്സരങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു മത്സരങ്ങളും പൂർത്തിയാക്കി ഏപ്രിൽ അവസാന വാരത്തിൽ സമാപിക്കുന്ന രീതിയിലാണ് കലോത്സവ മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്ന് ജനറൽ കൺവീനർ പറഞ്ഞു.
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ, നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60 ഓളം ഗ്രൂപ്പിനങ്ങളിളുമായി മത്സരം നടക്കും. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ,ബാല തിലകം, ബാല പ്രതിഭ പട്ടങ്ങളും അതിനുപുറമേ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളുംസമ്മാനിക്കും.
കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുമെന്നും ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ ഏതു പൗരത്വമുള്ള കുട്ടിക്കും കലോത്സവത്തിൽ പങ്കെടുക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുംഅറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്( Noushad 39777801)